” മുപ്പത്തിനാല് രൂപതകൾക്കും അനുസരിക്കാമെങ്കിൽ എന്ത്കൊണ്ട് നിങ്ങൾക്ക് അനുസരിച്ച് കൂടാ….? “
‘
50-50 കുർബ്ബാനക്രമം അംഗീകരിക്കാത്ത എറണാകുളം അങ്കമാലി അതിരൂപതയോട് ഇപ്പോൾ പലരും ചോദിക്കുന്ന ഒരു കാര്യമാണിത്. സീറോ മലബാർ സഭയുടെ ഐക്യത്തിനായി പതിനഞ്ച് മിനിട്ട് കിഴക്കോട്ട് തിരിയണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ വെറും പതിനഞ്ച് മിനിട്ട് കിഴക്കോട്ട് തിരിഞ്ഞാൽ തീരുന്ന പ്രശ്നമാണോ ഇന്ന് സഭയിലുള്ളത് ? സീറോ മലബാർ സഭയെ, ഭരണപരമായും, ആരാധനാക്രമപരമായും ,കൽദായ സുറിയാനി സഭയുടെ കീഴിലാക്കാൻ ശ്രമിച്ച ഒരു വിഭാഗം സഭാവിരുദ്ധരുടെ ചരിത്രം ഇതിനുപിന്നിലുണ്ട്. സീറോ മലബാർ സഭയെ കൽദായ സുറിയാനി സഭയുടെ തൊഴുത്തിൽ കെട്ടിവെയ്ക്കാൻ ഒരുങ്ങുന്ന കൽദായ – നെസ്തോറിയൻ വാദത്തെയും, അതിന്റെ വസ്തുതകളെയും പരിചയപ്പെടുത്തുകയാണ് ഈ അദ്ധ്യായത്തിൽ .
- എന്താണ് കൽദായ- നെസ്തോറിയൻ വാദം? ഒന്നാം നൂറ്റാണ്ടു മുതൽ വിശ്വാസികളുള്ള കേരള സഭയുടെ പാരമ്പര്യം, മാർത്തോമാ ശ്ലീഹായിൽ നിന്നും ഉത്ഭവിച്ചതാണ്. നാലാം നൂറ്റാണ്ടിൽ പേർഷ്യയിൽ നിന്നും മുസിരീസിലേക്ക് നിരവധി കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. പ്രധാനമായും സസ്നാദീൻ സാമ്രാജ്യത്തിന്റെ ക്രിസ്ത്യാനികളോടുള്ള പീഡനം മൂലം കേരളത്തിലേക്ക് നിരവധി കുടിയേറ്റങ്ങൾ നടക്കുകയുണ്ടായി. ഇത്തരത്തിലൊരു കുടിയേറ്റമായിരുന്നു, ക്നാനായി തൊമ്മന്റേത്. പേർഷ്യ, മെസപൊട്ടോമിയ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും മെത്രാൻമാരും വൈദികരും അടങ്ങിയ ഈ സംഘത്തെ സ്നേഹപൂർവ്വം മാർത്തോമാ നസ്രാണികൾ സ്വാഗതം ചെയ്യുകയുണ്ടായി. എന്നാൽ പിന്നീട് ഈ സ്വീകരണം ഒരു വൈദേശിക ആധിപത്യത്തിലേക്ക് വഴി തെളിച്ചു. തങ്ങൾ അബ്രാഹത്തിന്റെ നാട്ടിൽ നിന്നും വന്നവരാണന്നും, ക്രിസ്തു സംസാരിച്ച ഭാഷ സംസാരിക്കുന്നവരാണന്നും, തുടങ്ങിയ അവതരണങ്ങൾ മാർത്തോമാ നസ്രാണികളെ കൂടുതൽ അവരിലേക്കടുപ്പിക്കുന്നതിന് കാരണമായി. കച്ചവടക്കാരായതു കൊണ്ട് അവർക്ക് കൂടുതൽ മേധാവിത്വം ലഭിക്കുകയും ചെയ്തു. ഇത് പൗരസ്ത്യ സുറിയാനി സഭയുടെ ഹയരാർക്കിക്കൽ ഘടന മാർത്തോമാ നസ്രാണികൾക്കിടയിൽ നടപ്പിൽ വരുത്തുന്നതിന് കാരണമായി. മാത്രമല്ല, പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാക്രമ ശൈലികളും, സുറിയാനി ഭാഷയും മാർത്തോമാ നസ്രാണികൾക്കിടയിൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഇത് മാർത്തോമാ നസ്രാണികളുടെ തനതായ സഭാ നേത്യത്വ വ്യവസ്ഥയെ ക്ഷയിപ്പിക്കുകയും, മാർത്തോമാ നസ്രാണികളുടെ തനതായ ആരാധനാക്രമത്തെ ഇല്ലാതാക്കുകയും ചെയ്തു. മാർ തോമാശ്ലീഹ സ്ഥാപിച്ച ശ്ലൈഹിക പാരമ്പര്യത്തിലുള്ള മെത്രാൻമാരുടെ കണ്ണി അന്യം നിന്നു പോകാനും ഇടയായി. അങ്ങനെ കേരള സഭയുടെ അപ്പസ്തോലിക ചരിത്രം തമസ്ക്കരിക്കപ്പെട്ടു.പിന്നീടുള്ള ലത്തീൻ മിഷനറിമാരുടെ വരവും, നാസ്രാണി സഭയിലുണ്ടായ പിളർപ്പുകളും, സീറോ മലബാർ സഭയെ കൽദായ സുറിയാനി സഭാധികാരത്തിൽ നിന്നും വിടുവിച്ചു കൊണ്ടുള്ള പരി. സിംഹാസനത്തിന്റെ നീക്കങ്ങളും, കൽദായ സുറിയാനി ആരാധനാക്രമ പാരമ്പര്യത്തിന്റെ പൂർണ്ണത സഭയിൽ നഷ്ട്ടപ്പെടുത്തിയതായി ചിലർ കണ്ടെത്തി. ഇത്തരത്തിൽ വന്ന് ചേരപ്പെട്ട കൽദായ സുറിയാനി സഭയിൽ തങ്ങളുടെ ആരാധനാക്രമത്തിന്റെയും, തനിമയുടെയും സ്വത്വം ആരോപിച്ച്, അന്യം നിന്നു പോയ കൽദായ സുറിയാനി സഭയുടെ (കൽദായ കത്തോലിക്കാ സഭയുടെയല്ല) അധികാരവും , ഹയരാർക്കിയും , പാരമ്പര്യവും, തനിമകളും, ആചാരാനുഷ്ഠാന രീതികളും സീറോ മലബാർ സഭയിൽ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, ഒരു വിഭാഗം രംഗത്തെത്തി. മാത്രമല്ല, ഇവർ നെസ്തോറിയസിന്റെ പേരിൽ പിന്നീട് ഉടലെടുത്ത പാഷൺഡതയുടെ പല അബദ്ധ പ്രബോധനങ്ങളും സഭയിൽ തിരികെ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത്തരത്തിൽ സീറോ മലബാർ സഭയെ , കൽദായ സുറിയാനി സഭയുടെ കീഴിൽ കൊണ്ടുവരുവാനുള്ള നീക്കങ്ങൾ പിന്നീട് കൽദായ വാദികൾക്കിടയിലുണ്ടായി. എന്നാൽ സീറോ മലബാർ സഭയെ, കൽദായ സഭയുടെ കീഴിൽ കൊണ്ടുവരിക എന്ന കാര്യം നടക്കുകയില്ലന്ന് മനസിലാക്കിയ, കൽദായ മൗലിക വാദികൾ, സീറോ മലബാർ സഭയെ ആരാധനാക്രമപരമായി , കൽദായ സുറിയാനി സഭയുടെ കീഴിൽകൊണ്ടുവരുവാനുള്ള നീക്കങ്ങൾ തുടർന്നുകൊണ്ടിരുന്നു. സീറോ മലബാർ സഭയ്ക്കുള്ളിലെ ചില മൗലികവാദികളുടെ ഇത്തരം നീക്കങ്ങളെ കൽദായ സുറിയാനി സഭയിലെ അധികാരികളും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇത്തരത്തിൽ,സീറോ മലബാർ സഭ ഒരു കൽദായ സുറിയാനി സഭയാണന്നും, അതിനാൽ സ്വന്തം സഭയുടെ തനിമ വീണ്ടെടുക്കാൻ, കേരളത്തിലെ മാർത്തോമാ നസ്രാണികൾ പഴയതായ ആചാര അനുഷ്ഠാനങ്ങളെല്ലാം തിരിച്ചു പിടിക്കണമെന്ന ഒരു വിഭാഗം മൗലിക വാദികളുടെ നയമാണ് കൽദായ- നെസ്തോറിയൻ വാദം.
- കൽദായവാദത്തിന്റെ ചരിത്രം.
കിഴക്കിന്റെ സഭകൾ എദേസയിൽ തുടങ്ങി പാർത്ഥ്യൻ ഇന്ത്യവരെ അല്ലെങ്കിൽ ടിബറ്റുവരെ വ്യാപിച്ചുകിടന്ന ചെറു സമൂഹങ്ങളായിരുന്നു. ഇവ തമ്മിൽ ആദ്യകാലങ്ങളിൽ ഭരണപരമായ യാതൊരുവ്യവസ്ഥകളുമുണ്ടായിരുന്നില്ല. പരസ്പരം സഹായിച്ചും സഹകരിച്ചും വളർന്നുകൊണ്ടിരുന്ന ചെറുസമൂഹങ്ങളായിരുന്നു അവ. ഇതിൽ ആദ്യമേ ഉടലെടുത്തവ താരതമ്യേനെ പിന്നീടുണ്ടായവകളെ പല കാര്യങ്ങളിലും സ്വാഭാവികമായും സഹായിച്ചിരുന്നു.
ആദിമകാലങ്ങളിൽ റോമാസാമ്രാജ്യത്തിൽനിന്നും പുറത്താക്കപ്പെട്ട ക്രിസ്ത്യാനികൾ ആണ് ഈ കിഴക്കൻ സഭകളുടെ അടിസ്ഥാനം എന്നുള്ളതു ഏറെക്കുറെ സ്ഥിതീകരിക്കപ്പെട്ടകാര്യമാണ്.
കിഴക്കിന്റെ ചെറുസമൂഹങ്ങൾ സംശയനിവാരണത്തിനും, പ്രധാനതീരുമാനങ്ങൾ എടുക്കുന്നതിനും പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള സമൂഹങ്ങളെ ആശ്രയിച്ചിരുന്നു .
റോമൻ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ ഉടലെടുത്ത ശത്രുത പലകാലങ്ങളിലും ഈ സമൂഹങ്ങളുടെ ഒറ്റപെടലിലും, നിസ്സഹായാവസ്ഥയിലും ചെന്നെത്തിയതുകൊണ്ടു കിഴക്കിന്റെ എല്ലാസഭകളെയും കൂട്ടി ഒരു നേതാവിന്റെ കീഴിൽകൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉടലെടുത്തു. ഇപ്രകാരമാണ് , ചർച്ച് ഓഫ് ഈസ്റ്റ് (COE) എന്നു വിളിക്കുന്ന കിഴക്കിന്റെ സഭയുടെ ഉത്ഭവം. അതു AD 410 ലെ ഖോക്കിൽ (സെലെയൂഷ്യ) നടന്ന സുനഹദോസോടുകൂടിയാണ്. .
പുതുതായി രൂപീകരിച്ച കിഴക്കിന്റെ സഭകളുടെ കൂട്ടായ്മ സ്വാതന്ത്രസഭയായി മാറിയെങ്കിലും അവർ ഓർത്തോഡോക്സിയൻ സ്വഭാവ വിശേഷങ്ങളുള്ള സഭയായിരുന്നു. അതിൽ ഫാർസിലെ സഭയുടെ ഒഴിച്ച് ഭാഷ സുറിയാനിഭാഷയായിരുന്നു. ഫാർസിലേതു സൾട്ടർ പഹ്ലവിയും (അഞ്ചാം നൂറ്റാണ്ടുമുതലെങ്കിലും)
എദേസക്ക് കിഴക്കുള്ളതായതിനാൽ കിഴക്കൻസഭകളെന്ന വിളിപ്പേരിലും, അതുപോലെ പേർഷ്യൻ സാമ്രാജ്യത്തിൽ ഉളള സഭകളായതിനാൽ പേർഷ്യൻ സഭയെന്നും നെസ്തോറിയൻ വിശ്വാസം സ്വീകരിച്ചതിനാൽ നെസ്തോറിയൻ സഭയെന്നും വിളിച്ചുവന്നു. ഈ കാലഘട്ടങ്ങളിൽ ഒന്നും ഈ സഭയെ “”കൽദായ”” സഭയെന്നു വിളിച്ചിരുന്നതായി ഒരുചരിത്രരേഖയുമില്ല എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്.
പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ പാശ്ചാത്യമിഷനറിമാർ ഈ കിഴക്കൻസഭകളെ കോളനിവൽക്കരണത്തിനു വിധേയമാക്കിത്തുടങ്ങിയപ്പോൾ അവർ നൽകിയ പേരാണ് “കൽദായ സഭ” എന്നുള്ളത്. അതായതു കുടിപ്പക തീർക്കാൻ 1553 ഇൽ മാർ യൂഹാനോൻ സലൂക്ക നെസ്തോറിയൻ വിശ്വാസം വിട്ടു റോമൻ കത്തോലിക്കാവിശ്വാസം സ്വീകരിച്ചപ്പോൾ,അവരുടെ സഭയുടെ വിളിപ്പേരായിരുന്നു “കൽദായ സഭ” എന്നുള്ളത്. അവരുടെ പാത്രിക്കീസ് റാഫേൽ ബിദാവീദ് പറഞ്ഞിരിക്കുന്നത് വായിക്കുക.
“Personally, my family became Chaldean only some 100 years ago, my grandfather Daweed was a Nestorian priest, and the same is true with all the rest of us. we need to differentiate between nationality and Church, between church and politics. the Chaldean title for us does not mean ethnicity or nationality, historically there is not an Assyrian religion. True Assyrianism is an ethnicity and we all are Assyrian. We could be Assyrian ethnically, but we are Chaldeans religiously. We can not have our Church associated with ethnicity or nationality.” No one could have said it better. Historical evidences prove him right.”
(Christians of Iraq by William M Warda)
അതായതു കൽദായ എന്നുള്ളതു ഒരു കൊളോണിയൽ സഭയുടെ ഐഡന്റിറ്റി മാത്രമാണ്.
അന്ന് കിഴക്കൻ സുറിയാനി/ പടിഞ്ഞാറൻ സുറിയാനി എന്നതരത്തിലുള്ള കാര്യമായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നില്ല. പ്രാദേശിക ഉച്ഛാരണവ്യത്യാസങ്ങളല്ലാതെ കാര്യമാത്രപ്രസക്തമായ ഒന്നുമുണ്ടായിരുന്നില്ല. പിന്നീട് ഉടലെടുത്ത നെസ്തോറിയൻ വിശ്വാസം, കിഴക്കിന്റെ സഭകൾ (പ്രത്യേകിച്ചു ഖോക്കിലെ സഭ) സ്വന്തം ദൈവശാസ്ത്രമായി അംഗീകരിക്കുന്നത് അക്കേഷ്യസ്- Acasius (485-498)- ന്റെ കാലഘട്ടത്തിലാണ്. അതായതു ബേത്ത് അദ്രെയി സുനഹദോസിലിലൂടെ (486) നെസ്തോറിയസിനെ സഭാപിതാവായി അംഗീകരിക്കുകയും നെസ്തോറിയൻ ദൈവശാസ്ത്രം കിഴക്കിന്റെ ദൈവ ശാസ്ത്രമായി അംഗീകരിക്കുകയും ചെയ്തു. എന്നാൽ പല കിഴക്കിന്റെ സഭകളും ഈ ദൈവശാസ്ത്രം അംഗീകരിച്ചില്ലെന്നുമാത്രമല്ല പഴയ ഓർത്തഡോക്സ് (അന്ത്യോഖ്യ -ജെറുസലേം -എദേസ്സാ) വിശ്വാസത്തിൽ ഉറച്ചുനിന്നു. ഇതു കിഴക്കൻസഭകളുടെ പിളർപ്പിന് കാരണമായി. അതായതു പഴയ വിശ്വാസക്കാരും പുതിയ വിശ്വാസക്കാരുമായി കിഴക്കിന്റെ സഭകൾ വിഭജിക്കപ്പെട്ടു. ഇവിടെ എടുത്തുപറയേണ്ട ഒരുകാര്യം യഥാർത്ഥ പേർഷ്യൻചർച്ചായ ഫാർസിലെ സഭ മുസ്ലിം ആക്രമണത്തിന് വിധേയമാകുന്നവരെ (എട്ടാംനൂറ്റാണ്ടുവരെ) നെസ്തോറിയനിസം അംഗീകരിച്ചിരുന്നില്ല എന്നുള്ളതാണ്.
ഏകദേശം എണ്ണൂറാമാണ്ടോടുകൂടിത്തന്നെ എദേസ്സൻ അരമായിക് രണ്ടു വ്യത്യസ്ത ഡയലെക്റ്റുകളായി പിരിഞ്ഞു. അതായതു പഴയ സിറിയക്, പാശ്ചാത്യ സുറിയാനി എന്നും പൗരസ്ത്യസുറിയാനി എന്നും രണ്ടുശാഖകളായി പിരിഞ്ഞു.
ആദ്യകാലങ്ങളിൽ ഈ കിഴക്കിന്റെ സഭകളെല്ലാം ജെറുസലേം രീതിയിലാണ് തങ്ങളുടെ ക്രമങ്ങളും, ആചാരങ്ങളും നടത്തിയിരുന്നത് . ഇതിന് വ്യത്യാസം വരുന്നത് നെസ്തോറിയനിസത്തിന്റെ വരവോടെയാണ്.നെസ്തോറിയനിസത്തിന്റെ വരവോടെ കിഴക്കിന്റെ ഖോക്കിലെ സഭയുടെയും അവരുടെ അധികാരത്തിൻകീഴിൽ വർദ്ധിച്ച കിഴക്കൻ സഭകളുടെയും ക്രമങ്ങളിൽ കാതലായമാറ്റം പിന്നീട് ഉടലെടുക്കുവാൻ തുടങ്ങി. നെസ്തോറിയനിസത്തിന് അനുരൂപമായി തങ്ങളുടെ പ്രാർഥനകളും ക്രമങ്ങളും അവർ വ്യത്യാസപ്പെടുത്തി.
AD 1-ാം നൂറ്റാണ്ടു മുതൽ ക്രിസ്ത്യാനികൾ അധിവസിച്ചിരുന്ന കേരള സഭയുടെ ഉത്ഭവത്തിന് കാരണം മാർത്തോമ്മാ ശ്ലീഹയാണന്നത് സാർവത്രിക സഭ അംഗീകരിക്കുന്ന വസ്തുതയാണ്. തോമാശ്ലീഹ AD 52 -ൽ കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങുകയും, കേരളത്തിൽ സുവിശേഷം പ്രസംഗിക്കുകയും, സഭാസമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമാ ശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തിലൂടെ ഉത്ഭവിച്ച ക്രിസ്തീയസമൂഹം ശ്ലീഹായുടെ പിൻഗാമികളായി നിയമിക്കപ്പെട്ടവരിലൂടെയും ക്രിസ്തീയാചാരാനുഷ്ഠാനങ്ങൾ നിർവ്വഹിച്ചുപോന്നു.
AD 345 – ൽ സിറിയൻ വ്യാപാരിയായ ക്നായി തൊമ്മന്റെ നേതൃത്വത്തിൽ ഏദേസ്സയിൽ നിന്നുള്ള ഒരു മെത്രാനും അദ്ദേഹത്തെ അനുഗമിച്ച പുരോഹിതരും, ഡീക്കൻമാരും , സ്ത്രീ-പുരുഷൻമാരും അടങ്ങിയ ഒരു സംഘം കേരളത്തില കൊടുങ്ങല്ലൂരിൽ എത്തിച്ചേർന്നു. അക്കാലത്ത് നിലവിലിരുന്ന ആരാധനാക്രമ കയ്യെഴുത്ത്പ്രതികളും ഇവർ കൂടെകൊണ്ടുവന്നിരുന്നു.ഇവരെ തദ്ദേശീയരായ മാർത്തോമാ നസ്രാണികൾ വളരെ സന്തോഷപൂർവ്വം സ്വീകരിച്ചു. പിന്നീട്, പാത്രിയർക്കീസായ ഈശോയോബ് മൂന്നാമൻ(649 – 660) ഭാരതസഭയെ സ്വയം ഭരണാധികാരമുള്ള സഭയാക്കുകയും കാതോലിക്കോസ് പാത്രിയാർക്കീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. പോർച്ചുഗീസുകാർ കേരളത്തിൽ വരുമ്പോൾ പേർഷ്യൻ ബിഷപ്പായ മാർ . തോമ ആയിരുന്നു മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാൻ. ഏകദേശം നാലാം നൂറ്റാണ്ടു മുതൽ ഉദയം പേരൂർ സുനഹദോസ് വരെ കൽദായ മെത്രാൻമാർ മാത്രമാണ് മാർത്തോമാ ക്രിസ്ത്യാനികളെ നയിച്ചിരുന്നത്. തുടർന്ന് ഭാരതസഭയിലേക്ക് കടന്നുവന്ന പോർച്ചുഗീസ് മിഷനറിമാരെയും മാർത്തോമാ ക്രിസ്ത്യാനികൾ സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ പോർച്ചുഗീസ് മിഷനറിമാരുടെ ചില നീക്കങ്ങൾ മാർത്തോമാ ക്രിസ്ത്യാനികളെ ചൊടുപ്പിച്ചു.
ഇന്ത്യയിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തയായ അവസാനത്തെ കൽദായമെത്രാൻ മാർ.അബ്രാഹം 1597 ജനുവരി 3 നു കാലം ചെയ്തതോടെയാണ് ലത്തീൻ ഹയരാർക്കിയുടെ ഭരണമേധാവിത്വം ത്വരിതഗതിയിലായത്. പോർച്ചുഗീസുകാരനും ലത്തീൻ അതിരൂപതയായ ഗോവയുടെ മെത്രാപ്പോലീത്തയുമായിരുന്ന അലക്സിസ് ദ് മെനേസിസ് മാർത്തോമാ നസ്രാണികൾക്കുവേണ്ടി ഉദയംപേരൂർ സുനഹദോസ് വിളിച്ചു കൂട്ടി( 1599 ജൂൺ 20 മുതൽ 26 വരെ). മാർത്തോമാ നസ്രാണികളുടെ സഭാജീവിതത്തെ അനുകൂലമായും, പ്രതികൂലമായും ഉദയംപേരൂർ സുനഹദോസ് തീരുമാനങ്ങൾ സ്വാധീനം ചെലുത്തി. മാർ.അബ്രാഹത്തിനു ശേഷം, ലത്തീൻകാരനായ ഈശോ സഭാഗമായ ഫ്രാൻസിസ് റോസിനെ മാർത്തോമാ നസ്രാണികളുടെ മെത്രാനായി 1599 ഡിസംബർ 20 ന് ക്ലെമന്റ് എട്ടാമൻ മാർപാപ്പ നിയോഗിച്ചു. 1653 ജനുവരി 3 – ലെ കൂനൻ കുരിശു സത്യത്തിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ പുത്തൻകൂറെന്നും, പഴയകൂറെന്നും രണ്ടായി വിഭജിക്കപ്പെടുകയുണ്ടായി.
മാർത്തോമാ നസ്രാണി സഭയുടെ തന്റെ അവകാശം ഉന്നയിച്ചുകൊണ്ട് , മലബാർ സഭയെ തിരിച്ചുപിടിക്കാൻ കൽദായ പാത്രിയർക്കീസ് 1861 ൽ തോമസ് റോക്കോസിനെയും, 1874-ൽ യോഹന്നാൻ ഏലിയാസ് മേല്ലൂസിനെയും മലബാറിലേക്ക് അയക്കുകയുണ്ടായി. മാർപാപ്പയെ ധിക്കരിച്ചുകൊണ്ട് മലബാർ സഭയെ, കൽദായവാദമുന്നയിച്ചുകൊണ്ട് തന്റെ കീഴിലാക്കാൻ ശ്രമിച്ച കൽദായ പാത്രിയർക്കീസിന്റെ നയങ്ങളെ(റോക്കോസ് – മേല്ലൂസ് ശീശ്മ) ചാവറയച്ചനെ പോലെയുള്ള കേരളസഭയിലെ വിശുദ്ധാത്മാക്കളുടെ നേത്യത്വത്തിൽ മാർത്തോമാ നസ്രാണികൾ എതിർത്തു തോൽപ്പിക്കുകയുണ്ടായി. ഒടുവിൽ, 1887 മെയ് 20-ന് സീറോ-മലബാർ സഭാസംവിധാനം സ്ഥാപിതമായി. 1896 മാർച്ച് 23 – ന് കൂടിയ പ്രോപ്പഗാന്ത തിരുസംഘത്തിന്റെ ജനറൽ അസംബ്ലി നിലവിലുള്ള നിലവിലുള്ള വികാരിയത്തുകളുടെ അതിർത്തി വിഭജിച്ച് എറണാകുളം, ചങ്ങനാശ്ശേരി, ത്യശ്ശൂർ എന്നീ പുതിയ വികാരിയാത്തുകൾ സ്ഥാപിക്കുവാനും നാട്ടുമെത്രാൻമാരെ നിയമിക്കുവാനും തീരുമാനമെടുത്തു. ഇതുപ്രകാരം, എറണാകുളം വികാരിയത്തിന് മാർ ളൂയിസ് പഴേപറമ്പിലിനെയും , ചങ്ങനാശ്ശേരി വികാരിയത്തിന്, മാർ മാത്യു മാക്കീലിനെയും , ത്യശ്ശൂർ വികാരിയത്തിന് മാർ ജോൺ മേനാച്ചേരിയെയും നാട്ടുമെത്രാൻമാരായി ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട നാട്ടുമെത്രാൻമാർ നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയെന്നത്, മലബാർ സഭയുടെ ആരാധനാക്രമത്തിന്റെ കാര്യത്തിലായിരുന്നു.
.
നാട്ടുമെത്രാൻമാരുടെ നിയമനത്തിനു മുമ്പും ശേഷവും കൽദായ പാത്രിയാർക്കീസുമാർ മലബാർ സഭയെ തങ്ങളുടെ സഭയുടെ ഭാഗമാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. മെത്രാന്റെ കൂടെ വിദേശ സന്ദർശനം നടത്തിയ ഫാ.പഴേപറമ്പിൽ , പ്രൊപ്പഗാന്ത സെക്രട്ടറിയുടെ ചോദ്യങ്ങൾക്കു നൽകുന്ന മറുപടിയിൽ 1896-ജൂൺ 22 ന് തങ്ങൾ ഒരിക്കലും കൽദായ പാത്രിയാർക്കീസിന്റെ കീഴിൽ ആയിരിക്കുവാൻ ആഗ്രഹിക്കുന്നില്ലന്ന് സമർത്ഥിക്കുന്നുണ്ട്. ചങ്ങനാശ്ശേരി വികാരിയാത്തിലെ രണ്ടോ മൂന്നോ അസംതൃപ്തരായ വൈദികരാണ് കൽദായ ഭരണം ആഗ്രഹിക്കുന്നതെന്നും വികാരിയാത്തിലെ മറ്റെല്ലാ വൈദികരും ജനങ്ങളും കൽദായ അധികാരപരിധി വ്യാപിപ്പിക്കുന്നതിന് എതിരാണന്നും ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി അപ്പസ്തോലിക്കയായിരുന്ന മാർ . മാത്യു മാക്കിലും പ്രസ്താവിക്കുന്നുണ്ട്. കൽദായ അധിനിവേശത്തിനെതിരെ ,തദ്ദേശീയമെത്രാൻമാരുടെ ഈ ധീരമായ നിലപാടുകളാണ് കൽദായ സഭയുടെ അനുബന്ധമായി മാറേണ്ടിയിരുന്ന സീറോ മലബാർ സഭയെ ഒരു വ്യക്തി സഭയെന്ന നിലയിൽ ഉയർത്തിയത്.
തദ്ദേശീയമെത്രാൻമാരുടെ നിയമനത്തോടെ അധികാരാതിർത്തി വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും മലബാർ സഭയുടെ മേൽ ആരാധനാക്രമത്തിൽമേലുള്ള നിയന്ത്രണമെങ്കിലും ലഭിക്കുവാൻ കൽദായ പാത്രിയർക്കീസ് ആഗ്രഹിച്ചു. 1897 ഏപ്രിൽ 20 ന് പ്രോപ്പഗാന്ത തിരുസംഘത്തിന്റെ അദ്ധ്യക്ഷനെഴുതിയ എഴുത്തിൽ ആരാധനാക്രമമനുസരിച്ച് സുറിയാനി ക്രിസ്ത്യാനികൾ കൽദായ സഭയുടെ സ്വന്തമാണന്നും അതിനായി ആ വിശ്വാസികളെ ഒരു Honorary Patron എന്ന നിലയിൽ കൽദായ പാത്രിയാർക്കീസിന്റെ കീഴിൽ ആക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ചങ്ങനാശ്ശേരി വികാരിയത്തിലെ ഏതാനും ചില വൈദികരുടെ നിരന്തര സമ്പർക്കത്തിന്റെ ഫലമായികൂടിയാണ് കൽദായ പാത്രിയർക്കീസ് ഇത്തരത്തിൽ മലബാർ സഭയുടെ മേൽ അധികാരത്തിനായും , ആരാധനാക്രമത്തിനായും അവകാശമുന്നയിക്കുന്നതന്ന്, മാർ ജോൺ മേനാച്ചേരി, അപ്പസ്തോലിക് ഡെലഗേറ്റായിരുന്ന സലേസ്കിയോട് പരാതിപ്പെടുന്നുണ്ട്. മേനാച്ചേരി മെത്രാന് എഴുത്തുകളയിച്ച ജോസഫ് സ്റ്റെഫോ എന്ന കൽദായ വൈദികനിലൂടെ നിധീരി മാണിക്കത്തനാർക്കു കൽദായ പാത്രിയാർക്കീസുമായി നിരന്തര സമ്പർക്കമുണ്ടായിരുന്നു എന്ന് മാണിക്കത്തനാരുടെ ജീവചരിത്രകാരനായ വി.സി.ജോർജ് സാക്ഷ്യപ്പെടുത്തുന്നുണ്ട്. നിധീരി മാണിക്കത്തനാരും ആറു വൈദികരും ചേർന്ന് 1895 മാർച്ച് 19 – ന് ലെയോ 13-ാം മൻ പാപ്പയ്ക്കയച്ച നിവേദനത്തിൽ ബാബിലോൺ പാത്രിയാർക്കീസിന്റെ കീഴിൽ ഒരു തദ്ദേശീയ മെത്രാനെ ഞങ്ങൾക്ക് അനുവദിച്ച് തരണമെന്ന് അപേക്ഷിക്കുകയും സഭയുടെ പേര് മലബാർ കൽദായ സുറിയാനികൾ എന്നതിൽനിന്നു മലബാർ സിറിയൻസ് എന്നാക്കി മാറ്റിയതു ലവീഞ്ഞുമെത്രാനാണെന്ന് ആരോപിക്കുകയും ചെയ്യുന്നു.
ഒരു തനതായ ആരാധനാക്രമം സീറോ മലബാർ സഭയ്ക്കായി രൂപീകരിക്കുവാൻ പലരും ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. 1919 ലെ ഓറയന്റൽ കോൺഗ്രിഗേഷന്റെ ആരംഭവും തുടർന്നുണ്ടായ പൗരസ്ത്യസഭകളോടുള്ള തുറന്ന സമീപനവും മുതലെടുക്കുവാൻ കൽദായ നെസ്തോറിയൻ വാദികൾക്കു സാധിച്ചു. ലത്തീൻവത്ക്കരണം, നസ്രാണി സഭയുടെ ആരാധനാക്രമത്തെയും , തനിമയെയും നശിപ്പിച്ചെന്ന കൽദായ തീവ്രവാദികളുടെ അഭിപ്രായപ്രകാരം, അവരുടെ നിർദ്ദേശങ്ങൾക്കനുസ്യതമായി തങ്ങളുടെ സ്വത്യം വീണ്ടെടുക്കുവാൻ പൗരസ്ത്യ കാര്യാലയവും അവരെ പിന്തുണച്ചു . കൽദായ ആരാധനാക്രമത്തിൽ ആകൃഷ്ടനായിരുന്ന പ്ലാസിഡ് പൊടിപ്പാറ CMI യെ ഓറിയന്റൽ കോൺഗ്രിഗേഷനിലെ കൺസൽട്ടറായി തിരഞ്ഞെടുത്തത്(1952), സീറോ മലബാർ സഭയിലെ കൽദായവത്ക്കരണത്തിന് ആക്കം കൂട്ടി. 1953-ന് ശേഷം റോമിൽ നിന്നു വന്ന കത്തുകളിലും, റോമാ സിംഹാസനത്തിന്റെ ഔദ്യോഗിക ഡിറക്ടറിയായ Annuario Pontificio – യിലും സീറോ മലബാർ എന്ന പേരിന്റെ സ്ഥാനത്ത് കൽദയോ – മലബാർ എന്ന പേര് പ്രത്യക്ഷപ്പെടുവാൻ തുടങ്ങി. ഈ പ്രവൃത്തിയുടെ പിന്നിലുള്ള കരങ്ങൾ തിരിച്ചറിഞ്ഞ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിൽ പിതാവ്, അദ്ദേഹത്തിന്റെ ശ്രമഫലമായി സീറോ മലബാർ എന്ന പേര് വീണ്ടും നിലനിർത്തുകയും ചെയ്തു. സീറോ മലബാർ സഭയുടെ പേരു മാറ്റാൻ ചെയ്തതുപോലെ പിന്നീട് പ്രസ്തുത റീത്തിൽപ്പെട്ട രൂപതകളുടെ വിസ്തീർണ്ണം, “അനുവാരിയോ പൊന്തി ഫീച്ചിയോ” എന്ന ഔദ്യോഗിക ഡിറക്ടറിയിൽ വിട്ടുകളയുവാൻ നീക്കങ്ങൾ നടന്നിട്ടുണ്ട്. പാറേക്കാട്ടിൽ പിതാവിന്റെ തന്നെ നേത്യത്വത്തിൽ ഈ സഭാവിരുദ്ധമായ നീക്കത്തെയും ചെറുത്ത് നിറുത്താനായന്നത് കൽദായ വാദികൾക്കിടയിൽ കർദിനാൾ പാറേക്കാട്ടിൽ പിതാവിനോടുള്ള വൈരാഗ്യത്തിന് കാരണമായിട്ടുണ്ട്.
കൽദായ – നെസ്തോറിയൻ വാദത്തിൽ ആകൃഷ്ടനായിരുന്ന മാർ ജോസഫ് പൗവ്വത്തിൽ 1977 ൽ കാഞ്ഞിരപ്പിള്ളി രൂപതയുടെ മെത്രാനായതോടുകൂടി കൽദായവാദത്തിെന്റെ മറ്റൊരു മുഖം കൂടി അവതരിപ്പിക്കപ്പെട്ടു. സീറോ മലബാർ സഭ പൗരസ്ത്യ സഭയായതിനാൽ പൗരസ്ത്യസഭയുടേതായ എല്ലാം തിരികെകൊണ്ടുവരണമെന്ന് നിർദേശിച്ച അദ്ദേഹം, കൽദായവത്ക്കരണം ത്വരിതഗതിയിലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. എന്നാൽ അപ്പോഴേക്കും, സീറോ മലബാർ സഭ ആരാധനാക്രമവിഷയത്തിൽ പൂർണ്ണമായും രണ്ട് ചേരികളായി തിരിഞ്ഞിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദർശനങ്ങൾക്കനുസരിച്ച് ജനാഭിമുഖ കുർബാനയർപ്പിച്ചിരുന്ന എറണാകുളം – ത്രിശ്ശൂർ അതിരൂപതയുടെ കീഴിൽ അണി നിരന്ന വിഭാഗവും , കൽദായ പാരമ്പര്യങ്ങൾക്കനുസരിച്ച് വേർതിരിക്കപ്പെട്ട ചങ്ങനാശ്ശേരി അതിരൂപതയുടെ കൂടെ നിന്ന വിഭാഗവും. നിലവിലെ യാഥാർത്ഥ്യത്തിൽ, സീറോ മലബാർ രൂപതകളിലെല്ലായിടത്തും കിഴക്കോട്ടു തിരിഞ്ഞുള്ള കുർബാന രീതിയും, കൽദായ പാരമ്പര്യങ്ങളും പ്രാവർത്തികമാക്കുവാൻ പറ്റില്ലന്ന് മനസ്സിലാക്കിയ മാർ . പൗവ്വത്തിൽ 50-50 എന്ന ക്രമം മുന്നോട്ടുവെച്ചു.ഒരു ചരിത്രകാരനല്ലാത്തതിന്റെ കുറവ് ഉണ്ടെങ്കിൽക്കൂടിയും അദ്ദേഹം തുടർന്ന് മുന്നോട്ടുവെച്ച കൽദായവാദ നയങ്ങൾ സീറോമലബാർ സഭയെ നെടുകെ പിളർക്കാൻ തക്കവിധം ബലവത്തായിരുന്നു. ഈ പിളർപ്പാണ് ഇന്ന് സീറോ മലബാർ സഭ അഭീമുഖീകരിക്കുന്ന പ്രശ്നങ്ങങ്ങളുടെയെല്ലാം കാതൽ.
1992-ൽ സീറോ മലബാർ സഭയെ ഒരു മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയും, എറണാകുളം മെത്രാപ്പോലീത്ത എന്ന നിലയിൽ മാർ ആന്റണി പടിയറ പിതാവിന് മേജർ ആർച്ചുബിഷപ്പിന്റെ പ്രത്യേക ചുമതലയും ലഭിച്ചു. അങ്ങനെ എറണാകുളം അതിരൂപത മേജർ ആർച്ചുബിഷപ്പിന്റെ അസ്ഥാന രൂപതയായും പരിണമിച്ചു. എന്നാൽ,എറണാകുളം – അങ്കമാലി അതിരൂപതയുടെ വളർച്ചയിൽ അസൂയപൂണ്ട കൽദായ വാദികൾ എറണാകുളം അങ്കമാലി അതിരൂപതയെ കൽദായവത്ക്കരിച്ച് , അതിരൂപതയുടെ മേൽ അധീശത്വം നേടാനുള്ള പ്രവർത്തികൾക്ക് വേഗത കൂട്ടി. കർദിനാൾ മാർ വർക്കി വിതയത്തിൽ പിതാവിന്റെ നേത്യത്വകാലത്തും 50-50 കുർബാനക്രമം, അടിച്ചേൽപ്പിക്കുവാൻ ശ്രമം നടന്നുവെങ്കിലും, എറണാകുളം – ത്രിശ്ശൂർ അതിരൂപതകൾ അതിനെതിരെ ശക്തിയുക്തം എതിർത്തുനിന്നു . എന്നാൽ എറണാകുളം – അങ്കമാലി അതിരൂപത വളരെയധികം പ്രതിസന്ധികൾ നേരിടുന്ന കർദിനാൾ മാർ .ജോർജ്ജ് ആലഞ്ചേരിയുടെ നേത്യത്വസമയത്ത് 50-50 ഫോർമില വീണ്ടും അവതരിപ്പിക്കപ്പെടുകയും, എറണാകുളം – അങ്കമാലി അതിരൂപതയെഴികെ മറ്റെല്ലാ രൂപതകളും , പ്രത്യേകിച്ച് ജനാഭിമുഖ കുർബാനയർപ്പിച്ചിരുന്ന മലബാർ സഭയിലെ ഭൂരിഭാഗം രൂപതകളും 50-50 ക്രമം ഏറ്റെടുക്കുകയും ചെയ്തു. സിനഡിലെ ഒരു വിഭാഗം മെത്രാൻമാരുടെ എതിർപ്പ് അവഗണിച്ച്, തന്ത്രപരമായി, തക്സയിൽ ഉൾപ്പെടുത്തിയ ഈ നിയമത്തെ എറണാകുളം – അങ്കമാലി അതിരൂപത ശക്തിയുക്തം എതിർത്തു നിൽക്കുന്നു.
വളരെ ചെറിയ ഗ്രൂപ്പിൽ നിന്നും വളർന്നു വന്ന കൽദായ തീവ്രവാദഗ്രൂപ്പ് ഇന്ന് , സീറോ മലബാർ സഭയെ ആകമാനം കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്. സീറോ മലബാർ സഭയുടെ തനിമയെയും, യഥാർത്ഥ പാരമ്പര്യത്തെയും വിലയ്ക്കെടുക്കാതെ വിശ്വാസികളെ അപകടത്തിലാഴ്ത്തിക്കൊണ്ട് കൽദായ സുറിയാനി സഭയുടെ തനിപകർപ്പായി മലബാർ സഭയെ മാറ്റിക്കൊണ്ടിരിക്കുന്നു. മാർത്തോമാ നസ്രാണിസഭയുടെ വളർച്ചയെ അവഗണിച്ച്, സഭയെ നാലാം നൂറ്റാണ്ടിന്റെ പഴമയിൽ തളച്ചിടുന്ന മൗലികവാദങ്ങളെ എതിർക്കേണ്ടത് കത്തോലിക്കാ വിശ്വാസികളായ നമ്മുടെ കടമയാണ്.
ആരാണ് കൽദായ- നെസ്തോറിയൻ വാദികൾ?
മലബാറിലെ നസ്രാണി സഭയുടെ പാരമ്പര്യം പൗരസ്ത്യ സുറിയാനി സഭയുടേതാണന്ന് വാദിക്കുന്നവരെയാണ് കൽദായ- നെസ്തോറിയൻ വാദികളെന്ന് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ, സീറോ മലബാർ സഭ, കൽദായ സുറിയാനി സഭയുടെ പുത്രി സഭയാണ്. അതുകൊണ്ട് തന്നെ, കൽദായ സുറിയാനി സഭയുടെതായ എല്ലാ പാരമ്പര്യങ്ങളും, ആചാര അനുഷ്ഠാനങ്ങളും സീറോ മലബാർ സഭയിൽ തിരികെ കൊണ്ടുവരാനായി അവർ നിരന്തരം പ്രയത്നിക്കുന്നു.

