ഹിന്ദു – ഇസ്ലാം മൗലികവാദങ്ങളെയും, വർഗ്ഗീയ നയങ്ങളെയും നിരന്തരം വിമർശിക്കുന്നതിൽ മുൻപന്തിയിലാണ് സീറോ മലബാർ സഭ. എന്നാൽ ഇത്തരം മൗലികവാദ നയങ്ങളെ എതിർക്കുന്നവർ തന്നെ സഭയ്ക്കുള്ളിൽ കൽദായ – നെസ്തോറിയൻ മൗലികവാദമുന്നയിച്ച് എറണാകുളം അങ്കമാലി അതിരൂപതയെ തകർക്കാൻ ശ്രമിക്കുന്നത്, സാമൂഹ്യവിരുദ്ധവും, സഭാവിരുദ്ധവുമാണ്.സീറോ മലബാർ സഭയുടെ തനതായ സ്വത്വം നിലനിർത്തുക എന്നതിലുപരി, കൽദായ സുറിയാനി സഭയുടേതായ സമാനതകളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ചങ്ങനാശ്ശേരി അതിരൂപയുടെ കീഴൽ വളർന്ന് വന്ന കൽദായ മൗലിക വാദ പ്രസ്ഥാനങ്ങളാണ്, ശാന്തമായി ഒഴുകി കൊണ്ടിരുന്ന സഭയിൽ അനൈകൃത്തിന്റെ വിത്ത് വിതച്ചത്. എല്ലാ രൂപതകളും കിഴക്കോട്ട് തിരിഞ്ഞ് വി.കുർബാന അർപ്പിക്കണമെന്നും, മാർത്തോമാ കുരിശും, മദ്ബഹ വിരിയും ഉപയോഗിക്കണമെന്നും , തിരുസ്വരൂപങ്ങൾ മാറ്റണമെന്നും വാശി പിടിച്ചത് കൽദായ നെസ്തോറിയൻ വാദികളാണ്. ഇവരുടെ സഭാവിരുദ്ധമായ നയങ്ങളെ പ്രതിരോധിക്കുകയല്ലാതെ, ഈ രൂപതകളുടെ മേൽ ജനാഭിമുഖകുർബാനയോ, അതിരൂപതയുടെ മറ്റു നയങ്ങളോ അടിച്ചേൽപ്പിക്കുവാൻ ഒരിക്കലും എറണാകുളം അങ്കമാലി അതിരൂപത മുതിർന്നിട്ടില്ല. എന്നാൽ നസ്രാണി സഭയിൽ പ്രശ്നങ്ങൾക്കും , അനൈക്യത്തിനും തിരികൊളുത്തിവെച്ചിട്ട് അത് പരിഹരിക്കാനായി 50-50 എന്ന ക്രമം നിർദേശിച്ച് സീറോ മലബാർ സഭയെ കൽദായവത്ക്കരിക്കാനും, എറണാകുളം അങ്കമാലി അതിരൂപതയെ തകർക്കാനുമുള്ള നിഗൂഢമായ നീക്കങ്ങളാണ് പിന്നീട് നടന്നത്. സീറോ മലബാർ സഭയുടെ അസ്ഥിതിത്വത്തെ തന്നെ തകർക്കുന്ന കൽദായ- നെസ്തോറിയൻ മൗലികവാദത്തെക്കുറിച്ചാണ് ഈ അദ്ധ്യായം പരാമർശിക്കുന്നത്.
- എന്താണ് മൗലികവാദം?
മതശാസനങ്ങളെ മുറുകെപ്പിടിക്കണമെന്നും പരമ്പരാഗത വിശ്വാസപ്രമാണങ്ങളിൽ ഉറച്ചുനിൽക്കണമെന്നുമുള്ള പിടിവാശിയെയാണ് മൗലികവാദം എന്ന് വിശേഷിപ്പിക്കുന്നത്.
ഒരു കൂട്ടം അടിസ്ഥാന ആശയങ്ങളോ, സിദ്ധാന്തങ്ങളോ കർക്കശമായി പാലിക്കണമെന്ന നിലപാടാണിത്. ആധുനികതയോട് സംവദിക്കുന്നതിനെതിരായ ഈ നിലപാട് എല്ലാ മതവിശ്വാസങ്ങളിലും ദൃശ്യമാണ്. ക്രൈസ്തവ മൗലികവാദം, ഇസ്ലാമിക മൗലികവാദം, ഹൈന്ദവ മൗലികവാദം എന്നിങ്ങനെ വിവിധമതങ്ങളിൽ മൗലികവാദ നിലപാടുകൾ ഉടലെടുത്തിട്ടുണ്ട്.
- കൽദായ- നെസ്തോറിയൻ വൽക്കരണവാദികളെ മൗലികവാദികളെന്ന് വിശേഷിപ്പിക്കുന്നതിന്റെ കാരണമെന്ത്?
കൽദായ വത്ക്കരണവാദികൾ മൗലിക വാദികളാണ്. AD നാലാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിച്ചേർന്ന കൽദായ – നെസ്തോറിയൻ പാരമ്പര്യങ്ങളെ മുറുകെപിടിക്കുകയും, ഈ പാരമ്പര്യമാണ് AD 1-ാം നൂറ്റാണ്ടുമുതൽ ക്രൈസ്തവരുള്ള നസ്രാണി സഭയുടെ യഥാർത്ഥ പാരമ്പര്യമെന്ന് പറഞ്ഞ് കുപ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നവരാണിവർ. ആദ്യ കാലത്തെ കൽദായ – നെസ്തോറിയൻ സഭാ മാത്യകയിൽ, ആരാധനാക്രമവും, സഭാഘടനയും, സീറോ മലബാർ സഭയിൽ പുനരാവിഷ്ക്കരിക്കണമെന്നും, ഈ രീതി സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും കർക്കശമായി തുടരണമെന്നും, അതിന്റെ വിജയത്തിനായി ഏതു തരത്തിലുള്ള നിലപാടുകളും സ്വീകരിക്കുകയും ചെയ്യുന്ന കൽദായ വത്ക്കരണ വാദികൾ സീറോ മലബാർ സഭയിലെ ഒരു മൗലികവാദ പ്രസ്ഥാനം തന്നെയാണ്. ആധുനികതയോട് സംവദിക്കാൻ വൈഷമ്യം കാണിക്കുന്ന ഇവർ, പഴമയിലെ ചില ആചാരാനുഷ്ഠാനങ്ങളിൽ മാത്രമാണ് സത്യം കണ്ടത്തുന്നത്.
- കൽദായ – നെസ്തോറിയൻവൽക്കരണ – മൗലികവാദത്തിന്റെ പ്രത്യേകതകൾ?
a.മാർത്തോമാ നസ്രാണി സഭയുടെ യഥാർത്ഥ പാരമ്പര്യത്തെ തള്ളിക്കളയുകയും, വർഷങ്ങൾക്കു ശേഷം, കേരളത്തിൽ എത്തിച്ചേർന്ന കൽദായ സുറിയാനി സഭയുടെ പാരമ്പര്യം പറഞ്ഞുകൊണ്ട് കൽദായ – നെസ്തോറിയൻ ഘടനയെ സീറോ മലബാർ സഭയുടെ, ആരാധനാക്രമത്തിലും, സഭാഘടനയിലും അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു.
b. ക്രൈസ്തവ മൂല്യങ്ങളെയും, കത്തോലിക്കാ സഭയുടെ ധാർമ്മികതയെയും, നിസ്സാരവൽക്കരിക്കുന്ന നയങ്ങൾ.
c. തിരുസഭ ദൈവരാജ്യത്തിലധിഷ്ടിതമാണ് എന്നതിനേക്കാൾ, സഭയെ മതാചാരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മ്യൂസിയത്തിന്റെ നിലവാരത്തിലേക്ക് തള്ളിവിടുന്നു.
d.കൽദായ – നെസ്തോറിയൻ സഭയുടെ തനതായ പ്രത്യേകതകൾ മുഴുവൻ നസ്രാണികളുടേതാക്കി മാറ്റി ചരിത്രത്തെ വളച്ചൊടിച്ച് സമൂഹത്തിൽ ഒരു താൽക്കാലിക ഐഡന്റിറ്റി രൂപീകരിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ നസ്രാണികൾക്കിടയിൽ നിലനിന്നിരുന്ന, പള്ളിയോഗങ്ങൾ മുതലായ തനതായ പാരമ്പര്യങ്ങളുടെ മൂല്യങ്ങളെ ബോധപൂർവ്വം അവഗണിക്കുകയും, അൽമായരെ രണ്ടാംകിടക്കാരായി കാണുകയും ചെയ്യുന്നു.
e. മുന്നോട്ടു വളർന്നുകൊണ്ടിരിക്കുന്ന സീറോ മലബാർ സഭയെ, പിന്നോട്ടു വലിച്ച്, പഴമയെ ബഹുത്വവൽക്കരിച്ച് ആചാരാനുഷ്ഠാനങ്ങൾ അടിച്ചേൽപ്പിക്കുകയും, വർത്തമാന കാലത്തെ നിരാകരിക്കുകയും ചെയ്യുന്നു.
f. തങ്ങളുടെ ആശയങ്ങളോടു യോജിക്കാത്തവരെ സീറോ മലബാർ സഭാ വിരോധികളായി ചിത്രീകരിക്കുന്നു. കൽദായ – നെസ്തോറിയൻ വൽക്കരണ നയങ്ങളെ എതിർക്കുന്നവരെ സാമൂഹ്യ മാധ്യമങ്ങളിലും, മറ്റും വ്യക്തിഹത്യ ചെയ്യുകയും, വ്യാജ ആരോപണങ്ങൾ തൊടുത്തുവിടുകയും ചെയ്യുന്നു. പ്രത്യേകിച്ച്, എറണാകുളം – അങ്കമാലി അതിരൂപതാ വൈദികർക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നു.
g. കൽദായ – നെസ്തോറിയൻവത്ക്കരണ മൗലിക വാദികൾ മത തീവ്രവാദികൾ കൂടിയാണ്. തങ്ങളുടെ മതാത്മകതയുടെ വിജയത്തിനായി, മനുഷ്യരെ കയ്യേറ്റം ചെയ്യുവാനും, വിശുദ്ധ വസ്തുക്കളെ, അപമാനിക്കാനും ഇവർക്ക് മടിയില്ല. എറണാകുളം അങ്കമാലി അതിരൂപത കേന്ദ്രീകരിച്ച് ഇവർ നടത്തിവരുന്ന ദേവാലയ ആക്രമണങ്ങളും വിശ്വാസികളെയും, വൈദികരെയും കയ്യേറ്റം ചെയ്യുന്നതും കൽദായ – നെസ്തോറിയൻ വാദികളുടെ തീവ്രവാദനയങ്ങൾക്ക് വ്യക്തമായ തെളിവാണ്. എറണാകുളം സെ.മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇവർ അൾത്താര ആക്രമിച്ചതും , ബലിപീഠം തകർത്തതും, അതിവിശുദ്ധ വസ്തുക്കൾ അപമാനിച്ചതും, വൈദികരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതും ഇതിന് ഉദാഹരണമാണ്.
h. കത്തോലിക്കാ സഭയിൽ അംഗമായിരിക്കുന്നത്, അടിമത്തമായും, ലത്തീൻ വത്ക്കരണമായും കാണുന്നവർ ഇക്കൂട്ടത്തിലുണ്ട്. അതുകൊണ്ടു തന്നെ ലത്തീൻ സഭയെ ഇവർ തുടർച്ചയായി എതിർക്കുകയും, മാർപാപ്പയെ പറങ്കി ആധിപത്യമായി കാണുകയും അദ്ദേഹത്തെ തള്ളി പറയുകയും ചെയ്യുന്നു.എന്നാൽ ഇക്കൂട്ടർ തന്നെ പാശ്ചാത്യ സഭയിലെ വിവിധ പള്ളികളിൽ ലത്തീൻ കുർബാന ചൊല്ലുന്നവരും, അവിടെ നിന്നുള്ള സാമ്പത്തിക സ്രോതസ്സ് ഉപയോഗിക്കുന്നവരുമാണ്.
i. കത്തോലിക്കാ സഭ കൂട്ടായ്മയിൽ നിന്നും അംഗത്വം ഉപേക്ഷിക്കണമെന്ന് കൽദായ തീവ്രവാദികളിൽ പലരും വാദിച്ചിരുന്നുവെങ്കിലും, പിന്നീട്, സഭയ്ക്കുള്ളിൽ നിന്നു തന്നെ, പാത്രിയർക്കൽ അധികാരമുള്ള, ഒരു വലിയ ശക്തിയായി മാറുവാനും, കൽദായ പാരമ്പര്യങ്ങളുടെ ചുവട് പിടിക്കുന്നവരുടെ കൈകളിൽ മാത്രം, സീറോ മലബാർ സഭയുടെ അധികാരം എത്തിച്ചേരണമെന്നും വാദിക്കുന്നു.
J. 1968 – ൽ ജനാഭിമുഖകുർബാന സീറോ മലബാർ സഭയിലെ ഭൂരിഭാഗം രൂപതകളും ഏറ്റെടുത്തതാണ്. എന്നാൽ, അന്നത്തെ കാഞ്ഞിരപ്പിള്ളി രൂപതാദ്ധ്യക്ഷനായ മാർ ജോസഫ് പവ്വത്തിൽ, സഭയുടെ തീരുമാനം നിരസിക്കുകയും, കൽദായ – നെസ്തോറിയൻ സഭയുടെ രീതിയായ, കിഴക്കിനഭിമുഖമായ വി.കുർബാന തുടരുകയും ചെയ്തു. പിന്നീട്, അദ്ദേഹത്തിന്റെ ഓരോ നീക്കവും, സീറോ മലബാർ സഭയെ കൽദായ – നെസ്തോറിയവൽക്കരിക്കുക എന്നതായിരുന്നു.
- കൽദായ- നെസ്തോറിയൻ വൽക്കരണത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാം?
a. സീറോ മലബാർ സഭയ്ക്ക് ആരാധാനാക്രമപരമായി, മറ്റ് സഭകളുടേതുപോൽ ഒരു അടിസ്ഥാനം ഉറപ്പിക്കുക. പ്രത്യേകിച്ച്, വിദേശ രാജ്യങ്ങളിലും, മറ്റ് ഓർത്തഡോക്സ് സഭകൾക്കിടയിലും തങ്ങളുടെ ഐഡന്റിറ്റി വേർതിരിച്ചറിയും വിധം അവതരിപ്പിക്കുക. അതിനുവേണ്ടി ഒരു ഗ്രൂപ്പിന്റെ മൗലിക വാദപരമായ ആശയങ്ങൾ മറ്റു രൂപതകളുടെമേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുക.
b, സീറോ മലബാർ സഭയ്ക്ക് മതപരവും, സാമൂഹ്യപരവുമായ അടിസ്ഥാനമുണ്ടാക്കുകയും, രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കാവുന്ന ഒരു ശക്തിയായി സഭയെ മാറ്റുകയും ചെയ്യുക.
c. കത്തോലിക്കാ സഭ ഉപേക്ഷിച്ച് കൽദായ സുറിയാനി സഭയുടെ ഭാഗമാകണമെന്ന് ചില തീവ്ര പാരമ്പര്യവാദികൾ വാദിച്ചിരുന്നുവെങ്കിലും, കത്തോലിക്കാ സഭാ കൂട്ടായ്മ ഉപേക്ഷിച്ചാൽ സീറോ മലബാർ സഭയുടെ പ്രാധാന്യവും, മഹിമയും കുറയുമെന്നതിനാൽ പിന്നീട് പലരും തീരുമാനം മാറ്റുകയും, കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ, എന്നാൽ ഭാരതീയ നസ്രാണികളെ ഒരുമിച്ച് ചേർത്ത്, അവർക്കിടയിൽ ഒരു വലിയ ശക്തിയായി വളർന്നു വരുകയും, കൽദായ ആരാധനാക്രമരീതികൾ നിലനിർത്തുകയും ചെയ്യുന്ന ഒരു സഭയെന്ന ലക്ഷ്യത്തിൽ ഇവർ എത്തിച്ചേരുകയും ചെയ്തു. ഇത്തരത്തിൽ കേരളത്തിലെ കത്തോലിക്കരല്ലാത്ത ക്രിസ്തീയ വിഭാഗങ്ങളെ ചേർത്ത് പിടിക്കാൻ കൂടി, പാശ്ചാത്യ സഭയോട് ഇക്കൂട്ടർ ശത്രുത മനോഭാവം പുലർത്തുന്നു.
(ഉദാ: ഭാരതത്തിന്റെ കവാടമായും, മറ്റും സീറോ മലബാർ മേജർ ആർച്ചുബിഷപ്പിനെ വിശേഷിപ്പിക്കുന്നത്)
d. പാരമ്പര്യ പ്രേമികളായവരെ മാത്രം സീറോ മലബാർ സഭയുടെ വിവിധ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്ന നീക്കങ്ങൾ.
- പൊളിറ്റിക്കൽ ഇസ്ലാം മതമൗലികവാദവും, ഹിന്ദു മതമൗലികവാദവും പോലെ എത്രത്തോളം തീവ്രമാണ്, കൽദായ – നെസ്തോറിയൻ മതമൗലികവാദം?
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വീക്ഷണങ്ങൾക്ക്, വിരുദ്ധമായി കൽദായ പാരമ്പര്യങ്ങൾ അടിച്ചേൽപ്പിച്ച് സഭയെ ഒരു മ്യൂസിയമാക്കിമാറ്റുവാനും, പാരമ്പര്യവാദികളുമായവർക്ക് സഭയുടെ അധികാരം കൈയ്യാളുവാനുമാണ് കൽദായ – നെസ്തോറിയൻ മൗലികവാദികൾ ശ്രമിക്കുന്നത്. ഇത് തന്നെയാണ്, ഇസ്ലാം -ഹിന്ദു മതമൗലിക വാദങ്ങളും മുന്നോട്ടു വയ്ക്കുന്നത്. ഇസ്ലാം മതത്തിന് ഇസ്ലാമിക ഐക്യവും രാഷ്ട്രീയ യാഥാർഥ്യവും പാരമ്പര്യങ്ങളുടെ ചുവടുപിടിച്ച് രൂപപ്പെടുത്തുക, ‘ശരിഅ’ അഥവാ ദൈവിക നിയമത്തിന്റെ പരമാധികാരവും പഴയ ഇസ്ലാമിക ഭരണക്രമവും ഇസ്ലാമിക മതത്തിൽ തിരികെ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിക മത മൗലിക വാദികൾ പ്രവർത്തിക്കുന്നത്.
ഹിന്ദുത്വവാദികളാകട്ടെ, ഇന്ത്യൻ സംസ്ക്കാരത്തെ, ആധുനിക ബ്രാഹ്മണ മതത്തിൽ തളച്ചിടുകയും, ഈ സംസ്ക്കാരത്തെ ഇന്ത്യൻ സംസ്ക്കാരമെന്ന് വിശേഷിപ്പിച്ച്, ഇന്ത്യയിലെ ഗോത്രവർഗ്ഗക്കാർ, ഹരിജനങ്ങൾ തുടങ്ങിയവരെ ബ്രാഹ്മണ മതത്തിന് കീഴിലാക്കി അധികാരം സ്ഥാപിക്കുകയും, ഇന്ത്യ ഹിന്ദു രാഷ്ട്രമാണന്ന് വാദിക്കുകയും, ചെയ്യുന്നു.
ഇത് തന്നെയാണ് കൽദായ മത മൗലികവാദികളും ചെയ്ത് വരുന്നത്. ഇസ്ലാം മതമൗലികവാദികൾ ഏഴാം നൂറ്റാണ്ടിലേക്കും, ഹിന്ദുത്വ മൗലികവാദികൾ ബ്രാഹ്മണ ആധിപത്യ യുഗത്തിലേക്കും, കൽദായ – നെസ്തോറിയൻ വാദികൾ നാലാം നൂറ്റാണ്ടിലെ കൽദായ സുറിയാനി സഭയുടെ പാരമ്പര്യങ്ങളിലേക്കും, ഇന്നിന്റെ ജനതയെ വലിച്ചിഴയ്ക്കുന്നു. കൽദായ – നെസ്തോറിയൻ വാദികൾ, സീറോ മലബാർ സഭയുടെ പാരമ്പര്യം കൽദായ സുറിയാനി സഭയുടേതാണന്ന് വാദിക്കുകയും, കൽദായ കത്തോലിക്കാ സഭ പോലും കൈവിട്ട പാരമ്പര്യങ്ങളെ വിശ്വാസികളുടെ മേൽ അടിച്ചേൽപ്പിച്ച് അധികാരം സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. തങ്ങൾക്ക് അടിമപ്പെടാതെ നിൽക്കുന്ന ദേവാലയങ്ങൾക്കും, വിശ്വാസി സമൂഹത്തിനും നേരെ ആക്രമണത്തിന് വരെ മുതിർന്നുകൊണ്ട്, കൽദായ – നെസ്തോറിയൻ വാദികൾ തങ്ങളുടെ മതതീവ്രവാദ നയങ്ങൾ പുറത്തെടുക്കുകയുണ്ടായി.(എറണാകുളം ബസിലിക്കയിലും, എറണാകുളത്തെ അരമനയിലും നടന്ന ആക്രമണങ്ങൾ)ദൈവത്തെ മനസിലാക്കാതെ, അവിടുത്തെ സ്നേഹത്തിന്റെ കൽപനകൾ അംഗീകരിക്കാതെ, ദൈവത്തിന്റെ പേരിൽ തന്നെ സമൂഹത്തിൽ പ്രശ്നമുണ്ടാക്കുന്നവരാണ് ഈ മൂന്നു കൂട്ടരും. അതുകൊണ്ടു തന്നെ, ഹിന്ദു – ഇസ്ലാം മതമൗലികവാദം പോലെ എതിർക്കപ്പെടേണ്ടതാണ്, കൽദായ – നെസ്തോറിയൻ മതമൗലികവാദവും.

