കൽദായ- സുറിയാനി സഭയുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സീറോ മലബാർ സഭയിൽ കെട്ടിവെയ്ച്ചുക്കൊണ്ട്,വിശ്വാസികളുടെ ആത്മീയതയെ തകർക്കുന്ന നീക്കങ്ങൾ ദൈവാരാധനയുടെ യഥാർത്ഥമായ അർത്ഥത്തിന് യോജിച്ചതല്ല. ആരാധനാക്രമത്തിന്റെ യഥാർത്ഥ അർത്ഥം തിരിച്ചറിഞ്ഞ എറണാകുളം അങ്കമാലി അതിരൂപതയുടെ ലിറ്റർജിക്കൽ നയങ്ങൾ അതിരൂപതയെ എന്നും പടുത്തുയർത്തിയിട്ടേയുള്ളു. എന്നാൽ കൽദായ സുറിയാനി സഭയുടെ പ്രാക്യത ആചാരങ്ങൾ പോഷിപ്പിക്കുന്ന രൂപതകളിൽ വിശ്വാസികളുടെ തുടർച്ചയായ കൊഴിഞ്ഞ്പോക്കും, വർധിച്ച് വരുന്ന പുതിയ പുതിയ സെക്ടുകളുടെ ആവിർഭാവവും അമിതമായ പാരമ്പര്യ പ്രേമത്തിന്റെ ന്യൂനതകളെ എടുത്തു കാട്ടുന്നു. ആരാധനാക്രമത്തെക്കുറിച്ചും , പാരമ്പര്യത്തെക്കുറിച്ചുമുള്ള എറണാകുളം അങ്കമാലി അതിരൂപതയുടെ ചില വീക്ഷണങ്ങൾ ഈ അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നു.
1, ആരാധനാക്രമം.
സഭയുടെ ഔദ്യോഗികമായ ദൈവാരാധനയാണ് ആരാധനാക്രമം അഥവാ ലിറ്റര്‍ജി (യു ക്യാറ്റ് 167). സഭ അവളുടെ ശക്തി മുഴുവനും നിര്ഗളിപ്പിക്കുന്ന ഉറവിടമായാണ് അരാധനാക്രമത്തെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വ്യാഖ്യാനിക്കുന്നത്.
ലിറ്റര്‍ജി എന്ന പദം ലെയ്ത്തൂര്ജിയ (Leitourgia) എന്ന ഗ്രീക്കുപദത്തില് നിന്നും രൂപപ്പെട്ടതാണ്. ഇതിന്റെ അർത്ഥം ഒരു പൊതു പ്രവ്യത്തി എന്നാണ്.
യേശുവിന്റെ ജീവിതവും, പീഡാനുഭവവും , മരണവും ,ഉത്ഥാനവും പെസഹാരഹസ്യം എന്നു വിളിക്കപ്പെടുന്നു. ഈ പെസഹാരഹസ്യമാണ് ആരാധനാക്രമത്തിലൂടെ സഭ ആഘോഷിക്കുന്നത്.
2, ആരാധനാക്രമ പാരമ്പര്യങ്ങൾ എന്നതിന്റെ പേരിൽ പ്രാചീനമായ ആചാരങ്ങൾ തിരികെ കൊണ്ടുവരുന്നതിനോടുള്ള കത്തോലിക്കാ സഭയുടെ നിലപാടെന്ത്?
ആരാധനയുടെ ആഘോഷം വ്യത്യസ്ത ജനതകളുടെ പ്രതിഭയ്ക്കും സംസ്ക്കാരത്തിനും ചേർന്നതായിരിക്കണം. “ആരാധനയിൽ, സർവോപരി കൂദാശകളുടെ ആഘോഷത്തിൽ ദൈവികമായി സ്ഥാപിക്കപ്പെട്ടതും സഭയുടെ സൂക്ഷിപ്പിനായി ഏൽപ്പിക്കപ്പെട്ടിട്ടുള്ളതുമായ ഭേദപ്പെടുത്താനാവാത്ത ഒരു ഭാഗമുണ്ട്. അതുപോലെ മാറ്റം വരുത്താവുന്ന ഭാഗങ്ങളുമുണ്ട്.” (CCC 1205) കിഴക്കോട്ടു തിരിയൽ, മദ്ബഹാ വിരി, മുതലായ കാര്യങ്ങൾ ഇത്തരത്തിൽ മാറ്റം വരുത്താവുന്ന ഭാഗങ്ങളാണ്. ഇത്തരം രീതികൾ എറണാകുളം അങ്കമാലി പോലുള്ള അതിരൂപതകളിൽ യാതൊരു വിധ അർത്ഥവും നൽകുന്നില്ല. അതുകൊണ്ട് തന്നെ, സഭാ പ്രബോധനങ്ങൾ അനുസരിച്ച്, ഇത്തരം രീതികളിൽ തീർച്ചയായും മാറ്റം വരുത്തേണ്ടതുണ്ട്.
“സമൂഹം മുഴുവനുമാണ്, ശിരസുമായി ഐക്യപ്പെട്ട ക്രിസ്തു ശരീരമാണ് ആഘോഷിക്കുന്നത്”. ആരാധനാ കർമങ്ങൾ സ്വകാര്യ കർമങ്ങളല്ല.അവ സഭാ ശരീരം മുഴുവന്റേതുമാണ്. എന്നാൽ അവ ഓരോ അംഗത്തെയും അവരവരുടെ സ്ഥാനക്രമം, ശുശ്രൂഷാ ധർമം, അവയിലുള്ള യഥാർത്ഥ ഭാഗഭാഗിത്വം എന്നിവയനുസരിച് വിവിധ രീതികളിൽ സ്പർശിക്കുന്നു. ഇക്കാരണത്താൽ,’ ആരാധനയ്ക്കായി സന്നിഹിതരാവുകയും സജീവമായ രീതിയിൽ പങ്കുചേരുകയും ചെയ്യുന്ന വിശ്വാസികളോടൊപ്പം പൊതുവായി ആഘോഷിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ള കർമാനുഷ്ഠാനങ്ങൾ വ്യക്തിപരവും ഏറെക്കുറെ സ്വകാര്യവുമായി ആഘോഷിക്കാതെ ആവുന്നത്ര പൊതുവായിത്തന്നെ ആഘോഷിക്കണം” (CCC 1140).
ആരാധനാഘോഷങ്ങളിൽ പൂർണവും ബോധപൂർവകവും സജീവവുമായ ഭാഗഭാഗിത്വത്തിലേക്ക് എല്ലാ വിശ്വാസികളും നയിക്കപ്പെടണമെന്നു സഭാ മാതാവ് തീവ്രമായി അഭിലഷിക്കുന്നു. ആരാധനയുടെ സ്വഭാവം തന്നെ ഇത് ആവശ്യപ്പെടുന്നു. “തിരഞ്ഞെടുക്കപ്പെട്ട വംശം, രാജകീയ പൗരോഹത്യം, വിശുദ്ധ ജനത, രക്ഷിക്കപ്പെട്ട ജനം എന്നീ നിലകളിൽ” ക്രൈസ്തവ ജനതയ്ക്ക്, അവരുടെ മാമ്മോദീസാ വഴി അതിനുള്ള അവകാശവും കടമയുമുണ്ട്”(CCC 1141)
3, കാലത്തിനനുസരിച്ചുള്ള മാറ്റത്തെ ആരാധനാക്രമം ഉൾക്കൊള്ളണമെന്നതിന്റെ ആവശ്യകതയെന്ത്?
മനുഷ്യന്റെ, അറിവ്, കാലത്തിനനുസരിച്ച് സത്യത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട വിശ്വാസസത്യങ്ങൾ മനസ്സിലാക്കുന്ന മനുഷ്യന്റെ തിരിച്ചറിവും വികാസം പ്രാപിച്ചു കൊണ്ടിരിക്കുകയാണ്. യേശു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത കാര്യങ്ങളും, സര്‍വ്വോപരി അവിടുത്തെ വ്യക്തിത്വത്തിന്റെ ആഴങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധം, സാവധാനമാണ് അപ്പസ്തോലന്മാര്ക്കും സഭാസമൂഹത്തിനും ലഭിച്ചത്. “ഇനിയും വളരെ കാര്യങ്ങള്‍ നിങ്ങളോടുപറയാനുണ്ട്. എന്നാല്‍ അവ ഉള്‍ക്കൊള്ളാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കഴിവില്ല. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും” (യോഹ. 16, 12). ക്രിസ്തുസംഭവത്തിലൂടെ നടന്ന ദൈവിക വെളിപാടിന്റെ പൂര്‍ണ്ണതയിലേക്കു പരിശുദ്ധാത്മാവാണ് സഭയെ സാവധാനം കൈപിടിച്ചു നടത്തുന്നത്. അതിനാല്‍ വെളിപ്പെടുത്തപ്പെട്ട സത്യത്തെക്കുറിച്ചുള്ള അറിവിന്റെ കാര്യത്തില്‍ സഭയില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.ബൈബിളില്‍ നിഗൂഢമായി സ്ഥിതിചെയ്യുന്ന പലകാര്യങ്ങളും ക്രമേണയാണ് സഭ മനസ്സിലാക്കിയത്. പരിശുദ്ധത്രിത്വത്തെയും യേശുവിന്റെ ദൈവ-മനുഷ്യസ്വഭാവത്തെയും കുറിച്ചുള്ള സഭയുടെ പഠനങ്ങള്‍ ഉദാഹരണങ്ങളാണ്.
ക്രിസ്തു തന്നെ തന്നെ വെളിപ്പെടുത്തിയ വി. ലിഖിതത്തിന്റെയും, വി. പാരമ്പര്യത്തിന്റെയും, സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ കാലത്തിനനുസരിച്ചുള്ള മാറ്റത്തെ ആരാധനാക്രമം ഉൾക്കൊള്ളേണ്ടതാണ്. ബെനഡിക്റ്റ് പാപ്പ സംഗീതജ്ഞനായ ഗുസ്താവ് മാളറിന്റെ ഒരു വാചകം ഉദ്ധരിച്ചിട്ടുണ്ട്,”Tradition is not the conservation of ashes; but the preservation of fire” കർത്താവ് നമുക്ക് നൽകിയ സ്നേഹത്തിന്റെ, കരുണയുടെ, പങ്കുവെക്കലിന്റെ അഗ്നി കെട്ടുപോകാതെ അടുത്ത തലമുറയ്ക്ക് കൈമാറുന്നതാണ് പാരമ്പര്യം. ഓരോ സ്ഥലത്തിനും കാലത്തിനനുസ്യതമായി ആ അഗ്നി ജ്വലിപ്പിക്കുന്നതിന് വിവിധ പ്രതീകങ്ങൾ, ശരീര നിലകൾ (Postures), വസ്ത്രങ്ങൾ, രൂപങ്ങൾ എല്ലാം ആവശ്യാനുസരണം ഉപയോഗിച്ചു വന്നു. അതൊക്കെ എക്കാലവും സൂക്ഷിച്ചു വയ്ക്കാനുള്ള പരക്കം പാച്ചിലിൽ തീനാളം ജ്വലിക്കുന്നുണ്ടോ, പുകഞ്ഞു കത്തുകയാണോ, അണയാൻ പോകുന്നോ എന്നൊന്നും ആരും ശ്രദ്ധിക്കുന്നില്ല. എന്നതാണ് ഈ കാലത്തെ ശോകകരമാക്കുന്നത്. അതുകൊണ്ട് തന്നെ, ദൈവമഹത്വത്തിനായി നാം ദൈവത്തെ ആരാധിക്കുന്നത് മനുഷ്യന്റെ നൻമയ്ക്കു വേണ്ടിയാണ്. നാം ദൈവത്തിനു നൽകുന്ന മഹത്വം ദൈവത്തിന് ഒരിക്കലും ആവശ്യമില്ല. ദൈവത്തിന് മഹത്വം നൽകേണ്ടതും, അവിടുത്തെ ആരാധിക്കേണ്ടതും മനുഷ്യന്റെ ആവശ്യമാണ്. അതുകൊണ്ട് തന്നെ മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നതായിരിക്കണം ആരാധനാക്രമം. അതത് കാലങ്ങളിലെ പ്രത്യേകതകൾക്കനുസരിച്ച് സഭയെ പരിശുദ്ധാത്മാവ് നയിക്കുകയും, മനുഷ്യ കുലത്തെ സ്വർഗ്ഗീയ ജറുസലേമിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈ മാറ്റത്തെ ഉൾക്കൊള്ളാതെ, പ്രാചീനമായ ചില ആചാരങ്ങളെ , പാരമ്പര്യങ്ങളെന്ന പേരിൽ വിശ്വാസി സമൂഹത്തിന്റെ മേൽ കെട്ടിയേൽപ്പിക്കുന്നത് ശരിയല്ല. അത് ഗുണത്തേക്കാളേറെ ദോഷഫലങ്ങൾ ഉണ്ടാക്കുന്നു. ആരാധനാക്രമത്തിൻമേലുള്ള കടന്നുകയറ്റം വിശ്വാസികളുടെ ആത്മീയതയെ ബാധിക്കുകയും വിശ്വാസ ശോഷണത്തിന് കാരണമായി തീരുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ, കാലത്തിനനുസരിച്ചുള്ള മാറ്റത്തെ ആരാധനാക്രമം ഉൾക്കൊള്ളമെന്നത് സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ്

